മാള: നാടിനെയൊന്നാകെ മുൾമുനയിലാഴ്ത്തിയ അച്ഛനെയും മൂന്നുമക്കളെയും കാണാതായ സംഭവത്തിന് മണിക്കൂറുകൾക്കകം ശുഭപര്യവസാനം. സ്കൂളിലേക്കു പോകുകയാണെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അച്ഛനെയും 11, ഒന്‍പത്, ആറ് വയസുകാരായ മൂന്നു മക്കളെയും അതിവേഗവും കൃത്യതയാർന്നതുമായ അന്വേഷണത്തിലൂടെ സുരക്ഷിതരായി കണ്ടെത്തി മാള പോലീസ്.
രാവിലെ വീട്ടിൽ നിന്നിറങ്ങിയ നാലുപേരും വൈകിയും തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ മാള പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതോടെ റൂറൽ എസ്പി മുഹമ്മദ് നദിമുദീന്റെയും ഡിവൈഎസ്പി സന്തോഷ് കുമാറിന്റെയും മേൽനോട്ടത്തിൽ മാള പോലീസ് പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
സൈബർ ട്രാക്കിംഗിന്റെ അടിസ്ഥാനത്തിൽ ഇവർ ആദ്യം ആലപ്പുഴയിലെ കൃപാസനത്തിൽ എത്തിയതായും പിന്നീട് എറണാകുളം ജില്ലയിലെ പിറവത്തേക്കു പോയതായും പോലീസ് തിരിച്ചറിഞ്ഞു.
ഉടൻ പിറവം പോലീസുമായി ബന്ധപ്പെട്ടു. പിറവം സിഐ മഹേഷിന്റെയും സംഘത്തിന്റെയും മാള പോലീസിന്റെയും സംയുക്ത നീക്കത്തിലൂടെ മണിക്കൂറുകൾക്കകം അച്ഛനെയും മൂന്നു മക്കളെയും സുരക്ഷിതരായി കണ്ടെത്തുകയായിരുന്നു.
ആളൂർ എസ്എച്ച്ഒ കെ.വി. ഹരിക്കുട്ടൻ, മാള എസ്ഐ വിശാഖ് കെ. വിശ്വൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐമാരായ ബാബു, ഫൈസൽ കോറോത്ത്, മുഹമ്മദ് ബാഷി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിബിൻ, എയ് ഞ്ചൽ, കൃഷ്ണദാസ്, സിപിഒമാരായ ആകാശ്, കിരണ്‍, ഹരികൃഷ്ണ, ഡ്രൈവർ ജവഹർ എന്നിവരാണ് ഉണ്ടായിരുന്നത്.